Saturday, 3 November 2007
ഒറ്റക്കിളിയുടെ പാട്ട്
വെയില്‍ ചാഞ്ഞ് മെല്ലെ പടിയിറങ്ങുമ്പോള്‍
ഒരു പൊന്‍ തരി വെട്ടമായ് നീ തെളിഞ്ഞു
ആകാശതാരകള്‍ ആയിരം മിന്നുമ്പോള്‍
വേറിട്ട് നിന്ന് നീ കണ്ണ് ചിമ്മി.
ഏറെ കൊതിച്ചു ഞാന്‍, മനസ്സിലെന്നൊ
അറിയാതുദിച്ചൊരീ താരകത്തെ
കണ്ണിമക്കാതങ്ങ് നോക്കിയിരിക്കുവാന്‍.
ചുറ്റുവട്ടത്തേതൊ മരച്ചില്ലയില്‍ കൂടണയുന്ന പക്ഷികള്‍,
ഒത്തുചേരലിന്‍ ആഹ്ലാദത്തിമിര്‍പ്പുകള്‍
കലപില ശബ്ദത്തിന്‍ ആരവമാകവെ
അറിയാതെ ഓര്‍ത്തു ഞാന്‍, സാന്ധ്യദീപം
തെളിയുന്ന പൂമുഖം, ചാരുകസേലയില്‍ അഛനും
പിന്നെ, നാട്ടുവിശേഷങ്ങളുമായ് അമ്മയും.
കണ്ണടച്ചെന്‍ മനസ്സിലേക്കൊന്ന്‍ എത്തിനോക്കുമ്പോള്‍
എവിടെ നിന്നാണീ ചെമ്പകപ്പൂമണം
എവിടെ നിന്നീ സാന്ധ്യമന്ത്ര ധ്വനികള്‍
എവിടെ നിന്നും മുഴങ്ങുന്നൊരീ ഒറ്റക്കിളി തന്‍ രോദനം?
രാത്രിമുല്ലയെ തഴുകാന്‍ കഴിയാത്തൊരീ
കുഞ്ഞുകാറ്റെന്നെ മെല്ലെ തഴുകിയുണര്‍ത്തുമ്പോള്‍
അറിയുന്നു, മനസ്സിന്റെ മാറാപ്പിലിനിയും
ഓര്‍മ തന്‍ പച്ചപ്പ് ബാക്കിയെന്ന്!
കണ്ണെത്താ ദൂരത്ത് നിന്ന് നീ വീണ്ടും
പുഞ്ചിരിത്തിളക്കത്തിന്‍ സാന്ത്വനമാകുമ്പോള്‍
പറയട്ടെ, ഞാന്‍ സഖീ “ശുഭരാത്രി”.
Subscribe to:
Post Comments (Atom)
No comments:
Post a Comment